District News
കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ പോവുകയായിരുന്ന 14 കാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അയത്തില്‍ കല്ലുംതാഴം ദാറിസലാം വീട്ടില്‍ ഷാനവാസിന്റെ മകന് സല്മാന് ഫാരിസ് ആണ് മരിച്ചത്. ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്തായിരുന്നു ദാരുണമായ സംഭവം.
അമ്മ ഷംന ഓടിച്ച സ്കൂട്ടര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. അമ്മ എതിര് ഭാഗത്തേക്കും തെറിച്ചു വീണു.
ഷംന ആശുപത്രിയില്‍ ചികിത്സയിലാണ്. സല്മാന് ഫാരിസിന്റെ സഹോദരങ്ങള്‍: ഉമര്‍, മുക്താര്‍, ഹാജറ. ദേശീയ പാത നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ പോകാന്‍ വീതി കുറവുള്ള റോഡിലാണ് അപകടം സംഭവിച്ചത്.
District News
പാമ്പാടി: വെള്ളൂരില്‍ ഓട്ടോറിക്ഷ ഇടിച്ച് 80 കാരന് ദാരുണാന്ത്യം. ഏര്ത്താത്തയില് വിജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ വെള്ളൂര്‍ കുന്നേല്‍പ്പീടിക റോഡിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോയ വിജയകുമാറിനെ ഇലക്ട്രിക് ഓട്ടോ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ വിജയകുമാറിനെ പാമ്പാടി താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയ്ക്കുപിന്നില്‍ ഏറ്റ മുറിവാണ് മരണകാരണമെന്നാണ് നിഗമനം. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഒമ്പതാം മൈലിലെ ശ്മശാനത്തില്‍ നടക്കും. ഭാര്യ: അമ്മുകുട്ടി. മക്കള്‍: രാജ്കുമാര് (കുവൈറ്റ്), ജയകുമാര്‍ (ദുബായ്). മരുമകള്‍: അശ്വതി (കുവൈറ്റ്).
NRI
മൊണ്ടാന: അമേരിക്കയിലെ മൊണ്ടാനയിലുള്ള ഗ്ലേസിയർ നാഷനൽ പാർക്കിൽ കരടിയുടെ ആക്രമണത്തിൽ ആന്തണി പോളിയോ (33) മരിച്ചു. 1998ന് ശേഷം കരടിയുടെ ആക്രമണത്തിൽ ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണ്.
"അച്ഛാ, ഞാൻ മലകയറുകയാണ്. ഇവിടെ നല്ല വന്യമായ അന്തരീക്ഷമാണ്. ഐ ലവ് യു ഡാഡ്' എന്നാണ് നാഷണൽ പാർക്ക് സന്ദർശനത്തിനിടെ ആന്തണി തന്റെ അച്ഛന് സന്ദേശം അയച്ചിരുന്നു. പിന്നാലെയാണ് കരടിയുടെ ആക്രമണത്തിൽ ആന്തണി മരിച്ചത്. മൗണ്ടൻ ബ്രൗൺ ട്രെയിലിൽ ഒറ്റയ്ക്ക് ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ആന്തണി കരടിയുടെ മുൻപിൽപ്പെട്ടത്.
പരിചയസമ്പന്നനായ ഒരു ഹൈക്കറായിരുന്ന ആന്തണി, കരടിയെ പ്രതിരോധിക്കാൻ "ബിയർ സ്പ്രേ' ഉപയോഗിച്ചിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ആന്തണിയുടെ മൃതദേഹം നടപ്പാതയിൽ നിന്ന് ഏകദേശം 15 മീറ്റർ അകലെ വനത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ഫ്ലോറിഡ സ്വദേശിയായ ആന്തണി ഒരു മികച്ച കായികതാരവും സാമൂഹിക പ്രവർത്തകനുമായിരുന്നു. മകന്റെ വിയോഗത്തിൽ തളർന്ന അച്ഛൻ ആർതർ, ആന്തണി ഒരു പോരാളിയായിരുന്നുവെന്ന് കണ്ണീരോടെ ഓർത്തെടുത്തു.
District News
കൂറ്റനാട്: കൊപ്പം പോലീസ് സ്റ്റേഷനു സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിളയൂർ കൂരാച്ചിപ്പടിയിൽ കണ്ടത്തൊടി വീട്ടിൽ കാസിമിന്റെ ഭാര്യ ഫാത്തിമ സുഹറ(43) യാണ് മരിച്ചത്. കൊപ്പം ഭാഗത്തുനിന്ന് വിളയൂരിലേക്ക് ഇളയ മകൻ ഷമീലുമൊത്ത് സ്കൂട്ടറിൽ വരികയായിരുന്നു സുഹറ. എതിർദിശയിൽനിന്ന് വന്നിരുന്ന ലോറിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ മകൻ ഷമീൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ് കാസിം വിദേശത്താണ്. മറ്റുമക്കൾ: മുഹമ്മദ് സഫീർ, ഫാത്തിമ സഫ്ല.
Kerala
ഗൂഡല്ലൂർ: നീലഗിരിയിലെ അയ്യൻകൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മുരുക്കംപാടി ഉന്നതിയിലെ ചെന്പൻ (65) ആണു മരിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ വീടിനു സമീപത്തായിരുന്നു ആനയുടെ ആക്രമണം.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ജിഷ്ണുവിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പിന്നീട് ഇരുവരെയും പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചെമ്പൻ മരിച്ചത്. പന്തല്ലൂർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. വി.ആര്. ജയകുമാറിന്റെ കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മുന്‍ ജീവനക്കാരൻ മരിച്ചു. കിളിരൂര്‍ ആമ്പക്കുഴിയില്‍ ചെല്ലപ്പന് (88) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജിന് സമീപം ഗാന്ധിനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള അഞ്ചേരി ഗാര്‍ഡന്‍സില്‍ ഡോ.വി.ആര്. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ചെല്ലപ്പന് കത്തിച്ചത്. തീയിടുന്നതിനിടെ ഇയാള്‍ക്കു പൊള്ളലേറ്റു.
തീയുടെ ചൂട് കൊണ്ട് വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നു. തീയും പുകയും കണ്ട് വീട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പോലീസിലും അഗ്നിശമനസേനയെയും അറിയിച്ചു. ഇവര്‍ എത്തി തീ അണയ്ക്കുമ്പോഴാണ് സമീപത്ത് പൊള്ളലേറ്റ നിലയില്‍ ചെല്ലപ്പനെ കണ്ടത്.
95 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടുജോലി ചെയ്തിരുന്ന ചെല്ലപ്പനെ ഒരു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. മാനസിക വെല്ലുവിളിനേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി.
ഭാര്യ: രമ. മക്കള്‍: മോളി, ഷാജി. മരുമകന്: വിജയന്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെങ്ങളം എസ്എന്‍ഡിപി ശ്മശാനത്തില്‍.
District News
പെരിന്തൽമണ്ണ : ബൈക്കിൽ സഞ്ചരിക്കവേ മറ്റൊരു വാഹനം തട്ടി യുവതി മരിച്ചു. അങ്ങാടിപ്പുറം കോട്ടപ്പറന്പ് വെളുത്തേടത്ത് എം. ഷാമിനി (34) ആണ് മരിച്ചത്. അങ്ങാടിപ്പുറത്ത് വച്ചാണ് അപകടമുണ്ടായത്. പാലക്കാട് ചിറ്റൂർ കറുകമണി എക്സൽ നിവാസ് സ്വദേശിയാണ്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ഭർത്താവ്: അശ്വിന്.
District News
നെടുമ്പാശേരി: പൊയ്ക്കാട്ടുശേരിയിൽ ഒരുമിച്ച് വിഷം കഴിച്ച ദമ്പതികളിൽ ഭർത്താവും മരിച്ചു. ഭാര്യ സംഭവ ദിവസം മരിച്ചിരുന്നു. പൊയ്ക്കാട്ടുശേരി പാറപ്പുറത്ത് വീട്ടിൽ സുകുമാരൻ (73), ഭാര്യ തങ്കമ്മ (69) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരെയും അവശനിലയിൽ അങ്കമാലി എൽഎഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തങ്കമ്മ വൈകുന്നേരത്തോടെ മരിച്ചു.
സുകുമാരന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്രചികിത്സ നൽകിയെവെങ്കിലും ചൊവ്വാഴ്ച രാത്രി 10.15ഓടെ മരണത്തിന് കീഴടങ്ങി. തങ്കമ്മയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കപ്രശേരി എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിച്ചു. സുകുമാരന്റെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ സംസ്കരിച്ചു.
മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ സുനി, പച്ചക്കറിക്കച്ചവടത്തിലുണ്ടായ വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം സുകുമാരനും തങ്കമ്മയും മനോ വിഷമത്തിലും തീരാത്ത സാമ്പത്തിക ബാധ്യതയിലുമായിരുന്നു.
District News
റാന്നി: മാരുതിക്കാർ ബൈക്കിലിടിച്ച് സൗണ്ട് സിസ്റ്റം ഉടമ മരിച്ചു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ഇട്ടിയപ്പാറ എസ് സി പടിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനുണ്ടായ അപകടത്തിൽ റാന്നി ഷാലിമാർ സൗണ്ട് സിസ്റ്റം ഉടമ അങ്ങാടി പുല്ലൂപ്രം.വടക്കേമുറിയിൽ വി.പി.സോമശേഖരൻ നായർ (73) ആണ് മരിച്ചത്.
സോമശേഖരൻ നായർ ചെത്തോങ്കരഭാഗത്തു നിന്ന് ഇട്ടിയപ്പാറയിലേക്ക് ബൈക്കിൽ വരവേഎതിർ ദിശയിൽ വന്ന മാരുതി 800 സിസി കാറും മായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ സോമശേഖരൻ നായരെ റാന്നി താലൂക്കാശുപത്രിയിൽലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റാന്നിയിലെ സ്വകാര്യമോർച്ചറിയിൽ. ഭാര്യ: ആനന്ദകുമാരി, മക്കൾ: അശ്വതി, അരുൺ, മരുമക്കൾ: രാജേഷ്, രജനി.
District News
വെഞ്ഞാറമൂട് : കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. കോലിയക്കോടിനും വേളാവൂരിനും മധ്യേ സുന്ദരി മുക്കിൽ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപകടം. കോലിയക്കോട് കിഴമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗംഗയും മകനും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസും ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.
മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.
വിഴിഞ്ഞം എസ്ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുണ്ടായ സംഭവത്തിൽ കവളാകുളം സ്വദേശി ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാനാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്ത് വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
District News
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മാടവന അബ്ദുള്ള റോഡ് പൊയ്യാറവീട്ടിൽ മധുവിന്റെ മകൻ മാധവ് (16) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മാതാവ്: സോന. സഹോദരി: മിഥുന.
Kerala
തിരുവനന്തപുരം: വീടിനുമുന്നിൽവച്ച് പാമ്പ് കടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അതിഥി സത്യന്റെയും മകൻ ആദിനാഥ് (എട്ട്) ആണ് മരിച്ചത്.
ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും സമീപത്ത് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകവേ യാത്രാ മധ്യേ മരണംസംഭവിക്കുകയായിരുന്നു.
Kerala
കുറവിലങ്ങാട്: എംസി റോഡ് കോട്ടയം കുറവിലങ്ങാടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരട്ടി സ്വദേശി സിന്ധു (45)ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടോടുകൂടി ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.
ഇരട്ടി സ്വദേശികൾ സഞ്ചരിച്ച ബസ് തിരുവന്തപുരത്തേക്ക് പോയി അവിടെനിന്ന് തിരികെ ഇരട്ടിയിലേക്ക് പോകുന്പോഴായിരുന്ന അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നാണ് കരുതുന്നത്.
49ഓളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സൂചന. 18 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ വയോധിക മരിച്ചു. ഓമന (65) ആണ് മരിച്ചത്. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടമുണ്ടായത്. അപകടസമയം എട്ട് പേർ ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala
തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടി (51) ആണ് മരിച്ചത്. വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ചുമർ പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു. തൃശൂർ നെടുപുഴ സ്വദേശി പി.വി. സന്ദേശ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് മരണം. പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന.എം.വി മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്.
Kerala
ആലപ്പുഴ: കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10ഓടെയാണ് അപകടം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ
പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ
പരിധിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ : ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനുദാസ്.